പുല്‍ക്കൂട്
ഉണ്ടായിരുന്നെനിക്കൊരു ബാല്യകാലം നനവൂറും നിലാവിന് കൂട്ടായിരുന്ന് കണ്ണുകൾ ചിമ്മിയ ധനുമാസരാവ് ഉണ്ണിയെ വരവേൽക്കാൻ മാസങ്ങൾ മുന്നേ മനതാരിലൊരുങ്ങിയ നക്ഷത്രവിളക്കിനു ഉറക്കം വരാതെ ഞാൻ നെയ്ത്തിരി കത്തിച്ചു ഊഞ്ഞാലിലാടിയ രാത്രികാലം ഉണ്ടായിരുന്നൊരു ബാല്യകാലം ഉണ്ടിന്നെനിക്കൊരു സ്മരണ കാലം പള്ളിപ്പറമ്പിലെ ആത്മാക്കൾ നട്ടൊരു പുല്ലിന്റെ ചരട് വലിച്ചുപറിച്ചും കാലിയെ നോക്കി സമ്മതം ചോദിച്ചു കിട്ടുന്ന വൈയ്ക്കോല്‍ മെരുക്കിയോരുക്കി വീഞ്ഞപെട്ടിക്കുള്ളില്‍ നിറച്ചെന്‍റെ കുഞ്ഞുണ്ണിയ്ക്കായൊരു മെത്തയോരുക്കും പുൽക്കൂട് പൂത്തൊരു സന്തോഷകാലം ഉണ്ടായിരുന്നൊരു ബാല്യകാലം ഉണ്ടിന്നെനിക്കൊരു സ്മരണ കാലം അരുവിക്കക്കരെ കൂട്ടാര് ചേർന്നൊരു മുളങ്കമ്പ് ചേലോത്ത് വെട്ടിയെടുത്തും കാറ്റിൽ പറക്കും കുഞ്ഞുമണികളും നിറമാർന്ന ബലൂണിൻ വർണങ്ങളും തോരണം ചാർത്തിയ തൊങ്ങലുമായി സുന്ദരിയാക്കും ക്രിസ്തുമസ് ട്രീയുമായി പൊന്നുണ്ണിയെ കാക്കുന്ന ശീതളകാലം ഉണ്ടായിരുന്നൊരു ബാല്യകാലം ഉണ്ടിന്നെനിക്കൊരു സ്മരണ കാലം കാലത്തിനിക്കരെ കടലാസുപൂ പോലെ കത്തിക്കരിഞ്ഞൊരു ബാല്യകാലം പുല്ലില്ലെങ്ങുമൊരു വൈക്കോലുമില്ല മുളങ്കൊമ്പ് വെട്ടാൻ കൂട്ടരുമില്ല കുഞ്ഞുണ്ണിക്കേകാൻ എന്നുള്ളിലിന്നു ഇത്തിരിപ്പൊന്നൊരു കുരിശുമാത്രം അതിലിത്തിരി പോന്നൊരു പാനപാത്രം ...
ആൻസി ഷൈജു
സ്വർഗീയ രാജ്ഞി
പരിശുദ്ധ രാജ്ഞി സ്വർഗ്ഗീയ നാഥേ
പാപി എനിക്കായി പ്രാർത് ഥിക്കണേ
ഉരുകുമെൻ മനസിൻ നൊമ്പരമെല്ലാം
കുരിശിന്റെ വഴിയേ ചേർക്കണമേ
വേദനയാൽ ഞാൻ ഉരുകിയപ്പോൾ
കാണിക്കയായി നീ എന്നെ ഏറ്റെടുത്തു
ജപമാല കൈകളാൽ പുണരുന്ന നേരം
സ്നേഹത്തിൻ മണിമാല ഞാനണിഞ്ഞു
അമ്മേ ...അമലേ.... അനുഗ്രഹമാരിയേ നീ തരണേ ....
അഴലിൻ തിരകളാൽ മൂകം വലഞ്ഞപ്പോൾ
യേശുവാം തോണിയായി ചാരെ വന്നു
ജീവാത്മ നിറവാൽ കുളിരുന്ന മാനസം
പുതിയൊരു പുലരിയിൽ പൂത്തുലഞ്ഞു
അമ്മേ ....കർമലസൂനമേ...ആശ്വാസധാരയായ് നീ വരേണേ .
ആൻസി ഷൈജു
വലിയ നോമ്പ് ...ഒരു വിചിന്തനം
by Ancy Shaiju, Ras Al Khaimah
ദൈവമേ, ഞങ്ങള്‍ പാപികളാണെന്ന് മനസ്സിലാക്കുവാനുള്ള
കൃപനല്കണമേ, എന്നായിരുന്ന വിഭൂതി തിരുനാളില്‍, ഫെബ്രുവരി 18
തിയതി നമ്മുടെഫ്രാന്‍സിസ് മാര്‍പ്പാപ്പ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശം...ഈ
സന്ദേശത്തെ ആസ്പദമാക്കി നമ്മുടെ ജീവിതം ഈ നോമ്പില്‍ എങ്ങനെ വിലയിരുത്താന്‍ കഴിയും. നമ്മുടെ ജീവിതത്തില്‍ നോമ്പിന്റെ സ്ഥാനം എവിടെയാണ്...സഹനങ്ങളുടെയും പ്രത്യാശയുടെയും ആവാസസ്ഥലമായ കാല്‍വരിക്കുന്നോ അതോ പൊങ്ങച്ചങ്ങളുടെയും അഹങ്കാരത്തിന്റെയും സമൃദ്ധിയില്‍ ഉറങ്ങുന്ന ജെറുസലേം ദേവാലയമോ...? പാപത്തിന്റെ മുള്ളുകള്‍ ചെറിയൊരു ഇടവേളയിലേക്ക് കുത്തിനോവ്വാതിരിക്കാന്‍, അഹങ്കാരത്തിന്റെ മാസ്മരിക ലോകത്ത് നിന്നു ജീവതത്തിന്റെ നേര്‍കാഴ്ചകളിലേക്ക് ഒരിറക്കം..അതൊക്കെയാണ് ഇന്ന് നോമ്പ്...വി അന്നാമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോള്‍ മുതല്‍ കാല്‍വരിയിലെ നീണ്ട സഹനങ്ങളുടെ പരിസമാപ്തിയിലേക്ക് എത്തും വരെ കഠിന തപസായ ജീവിത പന്ഥാവില്‍ ഈശോയുടെ യാത്രയില്‍ സഹയാത്രികയായ പരിശുദ്ധ അമ്മയുടെ ജീവിതം പോലെയാകണം നമുക്കും നോമ്പ്....ഉരുകിയുരുകി തീര്‍ന്നിട്ടും ഉയര്‍പ്പിന്റെ ഉയര്‍ച്ചയിലേക്ക് ഉണര്‍ന്നിരുന്നു അവള്‍..അതുപോലെ നമുക്കും ജീവിതത്തിലെ പാപബോധത്തിന്റെ കാല്‍വരി കടന്നു പശ്ചാത്താപത്തിന്റെ കല്ലറയില്‍ ഉറങ്ങി സ്നേഹത്തിന്റെയും നന്മയുടെയും കരുണയുടെയും ജീവിത ഉയിര്‍പ്പിലേക്ക് എത്താന്‍ കഴിയണം....
സഹനത്തിന്റെ, പ്രതീക്ഷയുടെ ഈ സമയം ശരീരവും മനസും ശുദ്ധീകരിച്ച് കാൽവരിപ്പാതയിലൂടെ ഉയർപ്പിലേക്കുള്ള യാത്രയായ വലിയ നോമ്പില്‍ യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓര്‍മ്മതാളുകള്‍ നമ്മുടെ മനസുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാൽപതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് കുരിശിന്റെ വഴിയിലൂടെ നടന്നു കാൽവറിയിലേക്ക് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയർത്തെഴുന്നേൽപ്പിലും പങ്കാളികൾ ആകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം. വർഷങ്ങളായി ക്രൂശിൽ തറയ്ക്കപ്പെട്ട ക്രിസ്തു മാത്രമാണോ നമ്മുടെ ഹൃദയങ്ങളിൽ ഉള്ളത്? ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ചിന്തകൾ കൂടി ഈ നോമ്പുകാലയളവിൽ നമുക്ക് ഉണ്ടാവണം. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായ പത്രോസും യുദാസും ഈ നോമ്പില്‍ നമുക്ക് ചിന്തിക്കാനുള്ള രണ്ടു വ്യക്തികളാണ്. ഒരാള്‍ ശിഷ്യന്മാരില്‍ പ്രധാനിയും മറ്റെയാള്‍ പണം കൈകാര്യം ചെയുന്നവനും...പക്ഷെ ഒരേ രാത്രിയില്‍ യേശുവിനെതിരെ തിന്മ പ്രവര്ത്തിച്ചവരാണ് രണ്ടുപേരും.
വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലെന്ന പോലെ, യേശു ശിഷ്യന്മാരോട് പറയുന്നു,"ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും"(മത്താ:26;31). പ്രവാചകര്‍ മുഖേന മുന്‍കൂട്ടി അറിയിച്ച തിരുവചനമാണ് യേശു ഇവിടെ അറിയിക്കുന്നത്. എന്നാല്‍, പത്രോസ് പറയുന്നു;"എല്ലവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല"(മത്താ:26;33). ഇത്, തനിക്ക് യേശുവിനോടുള്ള സ്നേഹത്തിന്‍റെ പ്രഖ്യാപനമായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കകം രണ്ടു സ്ത്രീകളോട് അടക്കം മൂന്നുവട്ടം യേശുവിനെ അറിയില്ലെന്നു നിഷേധിച്ചുപറഞ്ഞു. മാത്രവുമല്ല, `ഞാന്‍ ആ മനുഷ്യനെ അറിയുകയില്ല എന്നു പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി`(മത്താ:26;74). നമ്മളും പലപ്പോഴും ഇതുപോലെയാണ് യേശു ജീവിത രക്ഷകനാണെന്നു പറയുമ്പോഴും , പണത്തിന്റെയും, മറ്റുപലതിന്റെയും പുറകെ ജീവിതത്തിന്റെ നീരൊഴുക്കില്‍ പെട്ട് പോകുമ്പോള്‍ ഈശോ കുറെ നേരം മാറി ഇരിക്കട്ടെ എന്ന ചിന്തയില്‍ മുന്നോട്ടു പോകുന്നു യൂദാസ് ഒരുവട്ടം ചുംബനത്താല്‍ ഒറ്റിക്കൊടുത്തപ്പോള്‍ പത്രോസ് മൂന്നുവട്ടം ഗുരുവിനെ നിഷേധിക്കുകയും ശപിക്കുകയും ചെയ്തു. ഇവരുടെ പാപങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണ് ? പത്രോസ് ഗുരുവിനെ നിഷേധിക്കുന്നത് മുന്‍കൂട്ടി പദ്ധതി ഒരുക്കിയിട്ടായിരുന്നില്ല. സാഹചര്യവും ഭയവുമാണ് അതിനു കാരണമായത്. യൂദാസ് മുന്‍കൂട്ടി തയ്യറാക്കിയ പദ്ധതിയനുസരിച്ചാണ് അതു പ്രവര്‍ത്തിച്ചത്. ഇത് പാപങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അല്ലെങ്കില്‍ ഒരു ബലഹീനതയില്‍ ചെയ്തുപോകുന്ന പാപങ്ങളും; തയ്യാറെടുപ്പോടെ ചെയ്യുന്നവയും വ്യത്യസ്ഥമാണ്. എന്നിരുന്നാലും പാപം, പാപംതന്നെയാണ്.
ഈ രണ്ടുപേരും പാപം ചെയ്തുവെങ്കിലും മുന്നോട്ടുള്ള യാത്രയില്‍ രണ്ടു ദിശയിലേക്കു നീങ്ങുന്ന സാഹചര്യംമാണ് നമുക്ക് കാണാന്‍ കഴിയുന്നത്... ഒരുവനെ അവന്‍റെ പാപം അനുതാപത്തിലെക്ക് നയിച്ചു. അവന്‍ തന്‍റെ പാപത്തെയോര്‍ത്ത് ഹൃദയംനൊന്തു കരഞ്ഞു. മത്താ:26;75) പിന്നീടുള്ള പത്രോസിന്‍റെ ജീവിതം യേശുവിനു വേണ്ടിയുള്ള സഹന മായിരുന്നു. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള അനുതാപവും, പാപങ്ങള്‍ ക്ഷമിച്ച കര്‍ത്താവിനോടുള്ള നന്ദിയും സ്വന്തം ജീവനെപോലും, അവിടുത്തേക്കായി കൊടുക്കുവാന്‍ കാരണമായി.അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വര്‍ഗ്ഗരാജ്യം സന്തോഷിക്കുന്നു എന്നാണ് വചനം പറയുന്നത്(ലൂക്കാ:15;7). പക്ഷെ യൂദാസിന്‍റെ പാപം അവനെ കുറ്റബോധത്തിലേക്കാണ് നയിച്ചത്. കര്‍ത്താവിന്‍റെ ക്ഷമയെക്കുറിച്ചു ചിന്തിക്കാതെ, അവന്‍ സ്വയം ജീവനൊടുക്കി. ദൈവത്തിന്‍റെ അനന്തമായ സ്നേഹവും കരുണയും അവനോര്‍ത്തില്ല. നമ്മളില്‍ പലരും ഇതുപോലെയാണ് ഒരിക്കല്‍ അല്ലെങ്കില്‍ പലവട്ടം ചെയ്തുപോയ പാപങ്ങളെ കുറിച്ചോര്‍ത്തു കുറ്റബോധവും നിരാശയുമായി കഴിയുന്നവര്‍... വി കുമ്പസ്സാരമെന്ന കൂദാശയിലൂടെ അവര്‍ണ്ണനീയമായസ്നേഹത്തിന്റെ ജീവധാരകള്‍ നമ്മിലേക്ക് ഒഴുക്കുവാന്‍ , മുള്ളുകള്‍ക്കിടയില്‍ വീണ ആടിനെ മാറോടു ചേര്‍ത്ത് പിടിക്കാന്‍ കാത്തുനില്‍ക്കുന്ന ആ നല്ല ഇടയനെ നമ്മള്‍ ഓര്‍ക്കാതെ പോകുന്നു പലപ്പോഴും സാത്താന്‍ നമ്മുടെ പാപത്തിന്റെ കാഠിന്യത്തെ ഓര്‍മപ്പെടുത്തി, അതൊരിക്കലും ക്ഷമിക്കുകയില്ല എന്ന് കുറ്റപ്പെടുത്തി തിരിച്ചുവരാതിരിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു വി കുമ്പസാരം നടത്തി, വി കുര്‍ബാനയില്‍ ഈശോയെ സ്വീകരിക്കുമ്പോള്‍ നമ്മള്‍ ദൈവമക്കളായി തീരുന്നു ഓരോ തവണ വിശുദ്ധ കുർബാന സ്വീകരിക്കുന്പോഴും നമുക്ക് വേണ്ടി ബലിയായി തീര്‍ന്ന യേശു തന്നെയാണ് അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ നമുക്കായി സ്വയം നൽകപ്പെടുന്നത് എന്ന ബോധ്യത്തോടെ ഒരുങ്ങാൻ നമുക്കാവണം. ഈ ഒരു വചന ഭാഗം എന്നും ലാറ്റിന്‍ കത്തോലിക്കാ സഹോദരങ്ങളുടെ വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് നമ്മള്‍ കേള്‍ക്കാറുണ്ട് പക്ഷെ ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇത് പറഞ്ഞു കഴിഞ്ഞിട്ടും ഈശോയെ ഒന്ന് നോക്കാതെ ഈശോയെ സ്വന്തം ഹൃദയത്തില്‍ സ്വീകരിക്കാതെ പോകുന്ന എത്ര സഹോദരങ്ങളുണ്ട് . ഒരു വഴിപാടു പോലെ കുര്‍ബാന കാണാന്‍ വന്നവര്‍. കര്‍ത്താവേ എന്റെ ആത്മാവിനെ സുഖപ്പെടുത്തണെ എന്ന് പറഞ്ഞിട്ടും ഔഷധം സ്വീകരിക്കാന്‍ മടി കാണിക്കുന്നവര്‍... പാപത്താല്‍ വിരൂപമാക്കപ്പെട്ട നമ്മുടെ ഹൃദയത്തിൽ വന്നു വസിച്ച്, തളർവാതം പിടിപെട്ടു കഠിനവേദന അനുഭവിക്കുന്ന നമ്മുടെ ആത്മാവിനെ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്ന സർവനന്മസ്വരൂപനെ വിശുദ്ധ കുർബാനയിൽ കണ്ടെത്താൻ നമുക്ക് കഴിയാറുണ്ടോ?
ഈ നോമ്പിന്റെ വേളയില്‍ നമുക്കതിനു കഴിയട്ടെ, നമ്മുടെ ജീവിതത്തിലെ കാല്‍വരി മലയിലേക്കൂള്ള ദൂരം സഞ്ചരിക്കാനുള്ള ഊർജ്ജം നമുക്ക് ഈ വലിയ നോമ്പിൽ നിന്ന് കിട്ടണം. സ്വന്തം ക്രൂശ് എടുത്തുകൊണ്ട് ഇടറിയ കാലടിയോടെ രക്തം ഒഴുകുന്ന ശരീരത്തിൽ വീഴുന്ന ചാട്ടവാറടികൾ സഹിച്ച് സഹനത്തിന്റെ കാല്‍വരിയിലേക്ക് നടന്ന നമ്മുടെ രക്ഷകന്റെ പാതകളെ പിന്തുടരാൻ നമുക്ക് കഴിയണം. സഹനം മാത്രമല്ല നമുക്ക് കാൽവരിയിൽ കാണാൻ കഴിയുന്നത്. അവിടെ ക്ഷമയും,കരുതലും,പ്രത്യാശയും,പാപപരിഹാരവും ഒക്കെ നമുക്ക് കാണാൻ കഴിയും. വലിയ നോമ്പ് നടക്കുന്ന ഈ കാലയളവിൽ മാത്രമല്ല തുടർന്നുള്ള ജീവിതത്തിലും നമുക്ക് അത് തുടരാൻ കഴിയണം. ഞാനും ഒരു ക്രിസ്ത്യാനി ആണന്ന് വെറുതെ പറയുക മാത്രമല്ല , ക്രിസ്തുവിന്റെ ജീവിത സന്ദേശം നമ്മുടെ ജീവിതത്തിൽ പകർത്താൻ കൂടി കഴിയണം.അതിനു ഈ വലിയ നോമ്പ് നമ്മളെ സഹായിക്കട്ടെ.
By Ancy Shaiju, Ras Al Khaimah
Broadcasted at radio Asia 1269am on 25th December
Lyrics: Ancy Shaiju
Music: KV.Sasi
Singers: Ratheesh Kumar & Renjini Santhosh
ബെതലഹേം
പൊന്നിന്‍ പേടകം പൂത്തുലഞ്ഞു
പുല്ലിന്‍ മെത്തയില്‍ ഉണ്ണിയെ കാണാന്‍..
കുന്തിരിക്കപുക ആകാശം നോക്കി
വാനവദൂതരും ആനന്ദമാടി
ഹാലേലുയ്യ...ഹാലേലുയ്യ...ഹാലേലുയ്യ...ഹാലേലുയ്യ(2)
അത്യൂന്നതങ്ങളില്‍ സ്വര്‍ലോകനാഥന്
സ്നേഹത്തിന്‍ സന്ദേശമേറ്റു പാടി
ആയിരം താരകം കണ്ണുചിമ്മി
നാഥന്‍റെ വരവേല്‍പ്പിനണിഞ്ഞോരുങ്ങാന്‍
പൊന്നിന്‍...
ആട്ടിടയന്മാരും രാജാക്കന്മാരും
കാലിത്തൊഴുത്തിലായ് വന്നണഞ്ഞു
കുഞ്ഞിളം കാലുകള്‍ തുടിച്ചുണരും
നാഥനെ കണ്ടവര്‍ വണങ്ങി നിന്നു
പൊന്നിന്‍...
പോകുന്നു ഞാനും ബെതലഹെമില്‍
മനസിന്‍റെ മാന്തളിര്‍ പൂക്കളുമായി
നേരുന്നെന്നിലെ നന്മകളെല്ലാം
ഈശോ നാഥനായി കാഴ്ച്ചയേകാന്‍
പൊന്നിന്‍...
ക്രുശിലെ സ്നേഹം
തിരുച്ചോരത്തുള്ളികള്‍ ഒഴുകുമീ ക്രുശിലെ
സ്നേഹത്തെ ഞാനൊന്നുറ്റു നോക്കി
പറയാന്‍ വിതുമ്പുമാ വാക്കുകളെന്നിലെ
പരിഭവമെല്ലാം പറഞ്ഞുതീര്‍ത്തു.
ആണികള്‍ ചുംബിച്ച കൈകളാല്‍ അവനെന്നെ
മാറോടണച്ചപ്പോള്‍ തേങ്ങിപ്പോയി
ചെയ്തൊരു പാപത്തിന്‍ തീഷ്ണമാം jജ്വാലകള്‍
അവനിലെ രക്തത്താല്‍ അണഞ്ഞു പോയി
( തിരുച്ചോരത്തുള്ളികള്‍ )
മുള്ളുകള്‍ മുത്തുന്ന കണ്ണുകള്‍ തുറന്നതാ
കാരുണ്യം മഴയായി പെയ്തിറങ്ങി
അഹമെന്ന ഭാവത്തിന്‍ ഹിമശൈലമിന്നെന്നില്‍
ഉരുകുന്ന കാഴ്ച ഞാന്‍നോക്കി നിന്നു
( തിരുച്ചോരത്തുള്ളികള്‍ )
അനുതാപമോടെ ഞാനാ പാദം പുണര്‍ന്നപ്പോ ള്‍
മനസിലെ വേദന അരുവിയായി
പുതിയൊരു വെളിച്ചമായി ജീവിതവഴികളില്‍
മനുജനെ സ്നേഹിക്കാന്‍ മലയിറങ്ങി
(തിരുച്ചോരത്തുള്ളികള്‍ )
ഇതാ നിന്‍റെ അമ്മ (വി. യോഹന്നാന്‍ 19:27)
by Ancy Shaiju, Ras Al Khaimah
തന്‍റെ അമ്മയെ നമുക്കുള്ള തിരുപാഥേയമാക്കി, ഏറ്റവും മഹത്തായ
ദാനധര്‍മ്മം നടത്തിയ ഈശോയ്ക്കു നമുക്ക് സ്തുതികളര്‍പ്പിക്കാം.
ജീവിത വീഥികളില്‍ , ദുഖത്തിന്‍റെ ഞാങ്ങണകള്‍ക്കിടയില്‍ഉലയുമ്പോളും
പതറാതെ, തളരാതെ നീങ്ങുവാന്‍ രക്ഷകന്‍റെ അമ്മ , നമ്മുടെ അമ്മ
വഴിവിളക്കാകുന്നു. ഈ വഴിവിളക്കാണ് കാല്‍വരിയില്‍ ഈശോ നമുക്ക് തെളിച്ചു നല്‍കിയത്. യോഹന്നാനിലൂടെ മനുഷ്യമക്കളുടെയെല്ലാം അമ്മയായി മറിയം മാറുകയാണ്. പരിശുദ്ധ കന്യകമറിയം ദൈവത്തിന്‍റെ അമ്മയാണ് പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയാണ്, നമ്മെ ഈശോയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് മറിയം. മറിയത്തിലൂടെ യേശുവിലേക്ക് എന്ന് പറയാറുണ്ടല്ലോ?...യേശു അനുഭവത്തില്‍ വളരാന്‍ ഏറ്റവും സുഗമമായ മാര്‍ഗ്ഗം പരിശുദ്ധമറിയമാണ്...ആത്മനൊമ്പരത്തിന്റെ കനല്‍കാറ്റുകളില്‍ തളരാതെ, തകരാതെ ക്രൂശിന്‍ ചുവട്ടില്‍ നില്‍ക്കുന്ന മറിയം എല്ലാവര്‍ക്കും ഒരു നവ കീര്‍ത്തനമായി പെയ്തിറങ്ങുകയാണ്...
ശബ്ദത്തിനു സ്നേഹത്തിന്റെ സ്നാനം ലഭിക്കുമ്പോള്‍ സംഗീതമുണ്ടാകുന്നു, വാക്കിനു കൃപയുടെ ഉപനയനം കഴിയുമ്പോള്‍ കവിതയും ...അതേരീതിയില്‍ സ്നേഹവും കൃപയും ചേരുമ്പോള്‍ മറിയമാകുന്നു. ആ മറിയം നമുക്ക് അമ്മയുമാകുന്നു ...ഇതിലും വലിയൊരു പുണ്യം നമുക്കുണ്ടാകുമോ...? ബൈബിളിലെ ഏറ്റവും പ്രകാശം നിറഞ്ഞ സാനിദ്ധ്യമാണ് മറിയം. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ എന്ന വചനം ധ്യാനിച്ചാല്‍ മാത്രം മതി അവളുടെ തേജോന്മയമായ ജീവിതം തിരിച്ചറിയാന്‍, . എന്നെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയുണ്ട് അതെന്‍റെ നാശത്തിനല്ല ക്ഷേമത്തിനായത്രേ ( ജെറമിയ : 29-11) ഇത് നമ്മള്‍ തിരിച്ചറിയുമ്പോള്‍ അവിടെ വിശ്വാസം പൊട്ടിമുളക്കും, ഈ വിശ്വാസമായിരുന്നു മറിയത്തെ കാല്‍വരി വരെയുള്ള വേദനകള്‍ സംവഹിക്കാന്‍ പ്രേരിപ്പിച്ചത്. അതായിരുന്നു അവള്‍ക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും .
സുവിശേഷത്തില്‍ കാണാന്‍ കഴിയുന്ന വ്യക്തിമഹത്വത്തിന്റെ ആദ്യ പ്രവാചികയാണ് മറിയം. ഓരോ വ്യക്തിയും ഓരോ സമ്മാനമാണെന്നുള്ള ദൈവീക വെളിപാടാണ് അവളിലൂടെ പ്രകാശിതമാകുന്ന സുവിശേഷ സത്യങ്ങളിലൊന്ന്. കര്‍ത്താവ് അരുള്‍ ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്ക 1:45). ഈ പൂര്‍ത്തീകരണമാണ് മുറിവുകള്‍ നിറഞ്ഞ തന്റെ പ്രിയപുത്രന്‍റെ ചേതനയറ്റശരീരം തന്റെ മടിത്തട്ടില്‍ വഹിക്കാനവളെ പ്രാപ്‌തയാക്കിയത്. വ്യാകുലവാളിന്റെ ഇരുതലമൂര്‍ച്ചയിലൂടെ കടന്നു പോകുമ്പോഴും ദൈവത്തിലുള്ള വിശ്വാസം അവള്‍ കൈവിട്ടില്ല. ഉയിര്‍പ്പിനായി മകനെ തന്റെ മടിയില്‍ വഹിക്കുകവഴി, സഹനത്തിന്റെ നടുവിലും പ്രത്യാശയുണ്ടെന്ന് അമ്മ നമ്മെ പഠിപ്പിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയധികം വേദനയിലൂടെ നമ്മള്‍ കടന്നു പോയിട്ടുണ്ടാവില്ല. അതുകൊണ്ട്, അമ്മയാണ് നമ്മുടെ ആശാ നക്ഷത്രം. കാരണം സ്വന്തം നെഞ്ചിലെ നോവനുഭവിച്ചവനേ അപരന്റെ നെഞ്ചിലെ നോവും, നേരുമറിയാനാവൂ. ഒരിക്കലെങ്കിലും മിഴിനനഞ്ഞവനേ. അപരന്റെ കണ്ണീരുപ്പിന്റെ സ്വാദറിയൂ.
"അമ്മേ അമലമനോഹരി നാഥേ
അഭയമായ് എന്നും നീ വരണേ...
സ്വര്‍ഗീയ യാത്രയില്‍ വഴിവിളക്കായെന്നും കൂട്ടാകണേ...
സ്നേഹം കൊതിക്കുമീ മനസുകള്‍ക്കെന്നും
ആത്മീയ സ്നേഹമായ് നീ വരുമോ...
അപരന്റെ വേദന നെഞ്ചില്‍ പേറുമ്പോള്‍
എന്നുടെ വേദന മാറ്റീടുമോ..
കുരിശുകളെല്ലാം നോവായ് നിറയു മ്പോള്‍
സ്വാന്തന തൈലമായ് നീ വരുമോ...
പാപം നിറഞ്ഞൊരീ ജീവിത പാതയില്‍
വിണ്ണിന്‍ പാഥേയമാകണമേ..
അമ്മേ അമലമനോഹരീ .....അടിയനെ നീ എന്നും കാത്തീടണേ"
നശിപ്പിക്കാന്‍ കഴിയാത്ത ദേവാലയവും അണയ്ക്കാന്‍ കഴിയാത്ത ദീപവും പരിശുദ്ധിയുടെ പേടകവും വചനത്തിന്റെ വാസസ്ഥലവും ആണ് മറിയം. ആശ്വാസദായികയായി, സഹായഹസ്തമായി, നന്മയുടെ വാത്സല്യമായി സ്നേഹത്തിന്റെ നിറകുടമായി ആ അമ്മ നമുക്ക് മുന്‍പില്‍ നില്‍ക്കുന്നു
ജീവിതത്തിന്റെ കാണാക്കടലില്‍ തിരയടിച്ചു തീരം കാണാതെ ഉഴറുമ്പോള്‍, അമ്മേ എന്ന് വിളിച്ചാല്‍ സ്വാന്തനതെന്നലായി കുരിശിന്റെ പൂഞ്ചിറകില്‍ പറന്നിറങ്ങും അവള്‍...സര്‍പ്പത്തിന്റെ തലയെ തകര്‍ത്തവള്‍ നമ്മുടെ തലയെ ഉയര്‍ത്തപിടിക്കുവാന്‍...ജപമാലയിലൂടെ നമ്മുടെ സാനിദ്ധ്യമായി...ഏതു പ്രതിസന്ധിയിലും ദീപനാളമായി...നമുക്ക് മുന്‍പേ വഴിതെളിക്കുവാന് കടന്നുവരുന്നവള്‍... ആ അമ്മയോട് നമുക്ക് പ്രാര്‍ഥിക്കാം ...
“ കാര്‍മലയിലെ സുന്ദരകുസുമമേ ഫലസമ്പൂര്‍ണമായ മുന്തിരി
സ്വര്‍ഗ്ഗത്തിന്റെ അനാദൃശ്യവും നിര്‍മലവുമായ തേജസ്സേ
നിത്യനിര്‍മല കന്യകയെ ദൈവപുത്രനെ പ്രസവിച്ചവളെ
ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണേ ....
സമുദ്രതാരമേ ഞങ്ങളെ രക്ഷിക്കണമേ ..അങ്ങ് ഞങ്ങളുടെ അമ്മയാണെന്ന് കാണിച്ചുതരണമേ..ആമേന്‍