
Be watchful, stand firm in your faith, be courageous, be strong - 1 Corinthians 16:13.
Uae malankara news

MSCC RAK Catechism Awards
June 17th
റാസൽ ഖൈമ മലങ്കര കാതോലിക്കാ ഇടവകയുടെ 2020 വർഷത്തെ സണ്ടേസ്കൂൾ പരീക്ഷയുടെ സമ്മാനദാനം ഈ കഴിഞ്ഞ 17 തീയതി നക്കീൽ പള്ളിയിൽ വെച്ച് വികാരി പെരിയ ബഹുമാനപ്പെട്ട രജി മനക്കലെത്തു അച്ചൻ നിർവഹിച്ചു , പരീക്ഷയിൽ ഉന്നതസ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയും അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരെയും രക്ഷിതാക്കളെയും അച്ചൻ പ്രത്യേകമായി അനുമോദിച്ചു

പ്രിയ ബഹുമാനപ്പെട്ട മാത്യൂസ് ആലുംമൂട്ടിൽ അച്ചന് ഹൃദയംഗവും ഊഷ്മളവുമായ സ്വാഗതം
March 2021
യു എ ഇ-യിലെ മലങ്കര സഭാ സമൂഹങ്ങളുടെ ആത്മീയ നേതൃത്വം, ബഹുമാനപെട്ട റെജി വറുഗീസ് അച്ചനുമായി ചേർന്ന്, നിർവഹിക്കുവാനായി, യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പുമായി നിയോഗിതനായ പ്രിയ ബഹുമാനപ്പെട്ട മാത്യൂസ് ആലുംമൂട്ടിൽ അച്ചന് ഹൃദയംഗവും ഊഷ്മളവുമായ സ്വാഗതം.
കൊട്ടാരക്കര, ചെപ്രയിൽ, 1979 മാർച്ച് മാസം 30-നു ആലുംമൂട്ടിൽ ജോസഫ് ചാക്കോ-ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. അച്ചന് രണ്ടു ജേഷ്ഠ സഹോദരികൾ.
ആയൂർ- ഉമ്മന്നൂരിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തുടർന്ന് അഞ്ചൽ സെയിന്റ് ജോൺസ് കോളേജ്-ലെ തുടർപഠനത്തിന് ശേഷം സെയിന്റ് അലോഷ്യസ് മൈനർ സെമിനാരി, സെയിന്റ് മേരീസ് മേജർ സെമിനാരി എന്നിവടങ്ങളിൽ നിന്ന് വൈദീക പഠനവും ബഹുമാനപ്പെട്ട അച്ചൻ പൂർത്തിയാക്കി, ബഹുമാനപ്പെട്ട അച്ചൻ മലയാളം ഐച്ഛിക വിഷയമായി പഠിച്ചു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി 2004 ഡിസംബർ 29-നു അഭിവന്ദ്യ സിറിൽ മാർ ബസേലിയോസ് കാതോലിക്കാ ബാവാ തിരുമനസ്സിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു.
ദൈവത്തിന്റെ കൈവയ്പ്പുള്ള, അനുഗ്രഹീതമായ ശുശ്രൂഷ, പത്തനംതിട്ട രൂപതയുടെ ആസ്ഥാനമായ നന്നുവക്കാട് സെയിന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ സഹവികാരിയായി 2005-ൽ ആരംഭിച്ചു..
പത്തനംതിട്ടയിൽ രണ്ടു വർഷത്തോളം ശുശ്രൂഷ അനുഷ്ടിച്ചതിനു ശേഷം 2006 - 2009 വരെ തിരുവനന്തപുരം മേജർ അതിരൂപതയിൽ കാട്ടാക്കട വൈദീക ജില്ലയിൽ - ആനക്കുഴി, മൈലക്കര, കടമ്പാറ, പൂഴനാട്, നീരാഴിക്കോണം, മരക്കുന്നം എന്നീ ഇടവകകളിൽ ശുശ്രൂഷ അർപ്പിച്ചു.
2009-2013 കാലഘട്ടത്തിൽ, കാരമ്മൂട്, കാട്ടായിക്കോണം, ശാസ്തവട്ടം, പ്ലാവറ എന്നീ ഇടവകളിൽ സേവനം അനുഷ്ടിച്ച അച്ചൻ, കാരമ്മൂട് ബോയ്സ് ഹോമിന്റെ ഡയറക്ടർ ചുമതലയും വളരെക്കാലം സ്തുത്യർഹമായി നിർവഹിച്ചു.
വെള്ളൂർക്കോണം, അരുവിക്കുഴി, വലിയമല, മീനാങ്കൽ, പറണ്ടോട്, ആനപ്പെട്ടി ഇടവകളിലെ ശുശ്രൂഷകൾ, 2013 മുതൽ 2015 വരെ കാലഘട്ടത്തിൽ നിർവഹിച്ച്, വൈദീകവൃത്തിയിൽ 10 വർഷം പൂർത്തിയാക്കി.. അവിടെയായിരിക്കുമ്പോൾ കളത്തറ-നെടുമങ്ങാട് വിമല ഇംഗ്ലീഷ് വിദ്യാലയ-യുടെ ലോക്കൽ മാനേജറായും പ്രവർത്തിച്ചു..
2015 - 2017 വരെയുള്ള കാലഘട്ടത്തിൽ പനച്ചമൂട്, ചെറിയകൊല്ല-കൂടയാൽ, മുട്ടച്ചൽ ഇടവകളിൽ ശുശ്രൂഷക്കായി നിയോഗിക്കപ്പെട്ടു.
പാറശ്ശാല രൂപതയുടെ രൂപീകരണത്തോടെ 2017 മുതൽ രൂപതയിൽ ശുശ്രൂഷയ്ക്കായി നിയോഗിതനാകുകയും 2020 വരെ പൊന്നെടുത്തകുഴി -വെള്ളനാട്, പൂവച്ചൽ, മാതളംപാറ, തൊഴുക്കൽകോണം, എന്നീ ഇടവകളിൽ ശുശ്രൂഷ നിർവഹിച്ചു.. ഇടവകകളിലെ ശുശ്രൂഷയോടോപ്പോം സ്നേഹദീപം മൈനർ സെമിനാരിയുടെ പ്രൊക്യൂറേറ്റർ, വൈസ് റെക്ടർ എന്നീ ചുമതലകളും നിർവഹിച്ചു.
2020 - മുതൽ അമ്പിളിക്കോണം, നല്ലൂർവട്ടം എന്നീ ഇടവകകളിൽ ശുശ്രൂഷ ചെയ്യുമ്പോളാണ് യുഎഇ- യിലേക്ക്, പ്രത്യേകമായി, അബുദാബി, മുസ്സഫ, അൽഐൻ എന്നീ സമൂഹങ്ങളുടെ Priest-In_Charge എന്ന ചുമതലയോടെ നിയോഗിക്കപ്പെടുന്നത്. തന്റെ 15 വർഷത്തെ ശുശ്രൂഷയുടെ അന്തരീക്ഷത്തിൽ നിന്ന് മാറി.. പുതിയ ഒരു കാൽവയ്പ്പ്..
ഏറ്റവും ബഹുമാനപുരസ്ക്കരത്തോടെ, അതീവ സ്നേഹത്തോടെ, ഹൃദ്യമായ സന്തോഷത്തോടെ ബഹുമാനപ്പെട്ട ആലുംമൂട്ടിലച്ചന് അറേബ്യൻ മണ്ണിലേക്ക് ഹാർദ്ദവമായ സ്വാഗതം..
മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റെ ആർദ്രതയും സ്നേഹവും മനുജന് പകർന്നു നൽകുവാൻ ഒരുക്കിയെടുക്കപ്പെട്ടു നിയോഗിതനായിരിക്കുന്ന ഈ കൊച്ചച്ചനിലൂടെ ദൈവകൃപയുടെ ഉദാത്തഭാവം നമ്മുടെ സമൂഹത്തിന് സമൃദ്ധിയായിട്ട് വെളിപ്പെടുത്തിത്തരുവാൻ ഇടയാകുമാറാകട്ടെ.. ബഹുമാനപ്പെട്ട അച്ചന്റെ അനുഭവസമ്പത്തും തീക്ഷണതയും അജപാലന നേതൃത്വവും കൂട്ടായ പ്രവർത്തനങ്ങളും ഈ ദേശത്ത് സഭയുടെ വിവിധോന്മുഖമായ വളർച്ചയ്ക്ക് നിദാനവും ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു..

Rev.Dr.വറുഗീസ് മനക്കലേട്ട് (റെജി അച്ചന്) ഹൃദയംഗവവും ഊഷ്മളവുമായ സുസ്വാഗതം..
Feb 28th 2021
യു എ ഇ -യിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹങ്ങളുടെ പുതിയ കോഓർഡിനേറ്റർ ആയി നിയോഗിക്കപ്പെട്ടു ആഗതനായിരിക്കുന്ന പ്രിയ ബഹുമാനപ്പെട്ട Rev.Dr.വറുഗീസ് മനക്കലേട്ട് (റെജി അച്ചന്) ഹൃദയംഗവവും ഊഷ്മളവുമായ സുസ്വാഗതം.
കഴിഞ്ഞ ഒരു ദശാബ്ദക്കാലം തന്റെ ഭവനത്തിലുള്ള അജഗണത്തിനു കൃത്യസമയത്തു ഭക്ഷണം നൽകിയ ഭൃത്യന്റെ, അജഗണത്തിനു ആത്മീയ വിളക്കായിരുന്നവന്റെ, ക്രൈസ്തവജീവിതത്തിനു പുതിയ മാനങ്ങൾ രചിച്ച, മാർ ഈവാനിയോസിന്റെ മക്കളെ സഭയുടെ പാരമ്പര്യത്തിലും തനിമയിലും ഉറപ്പിച്ചു നിറുത്തിയ, ആബാലവൃദ്ധം ജനങ്ങളെയും തന്റെ മാറോട് ചേർത്ത് നിറുത്തിയ, സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തനാളമായിരുന്ന, പരാതിയും പരിഭവും ഇല്ലാതെ ഒരു ജനതതിയെ നയിച്ച പ്രിയ ബഹുമാനപ്പെട്ട മാത്യു കണ്ടത്തിലച്ചന്റെ പിൻഗാമി.
1964 മെയ് 10-നു മനക്കലേട്ട് വറുഗീസ് -മറിയാമ്മ ദമ്പതികളുടെ മകനായി തിരുവല്ല കടമാൻകുളത്ത് ജനനം - ഒരു ജേഷ്ഠ സഹോദരനും, Holy Spirit Congregation അംഗമായ Sister Susy ഉൾപ്പെടെ 3 സഹോദരിമാർ.
പ്രാഥമിക വിദ്യാഭ്യാസം പുതുശ്ശേരിയിലും തിരുവല്ലയിലും - ഫിലോസഫി പഠനം നാലാഞ്ചിറ St.Mary's സെമിനാരിയിൽ നിന്നും Theology ആലുവ, മംഗലപ്പുഴ Pontifical സെമിനാരിയിൽ നിന്നും പൂർത്തിയാക്കി 1990 ഡിസംബർ മാസം 26-നു അഭിവന്ദ്യ തിമോത്തിയോസ് പിതാവിന്റെ തിരുക്കരങ്ങളാൽ അഭിഷിക്തനായി.. പൗരോഹിത്യ ശുശ്രൂഷയുടെ ആരംഭം ഇടുക്കി മേഖലയിൽ - കോതപ്പാറ, കാപ്പിപതാൽ, ചേറ്റുകുഴി (വണ്ടന്മേട്), കോമ്പയാർ, മന്തിപ്പാറ, തെള്ളിയൂർ, കാഞ്ഞിറ്റുകര - ഒക്ടോബർ 1993 മുതൽ തിമോത്തിയോസ് പിതാവിന്റെ സെക്രട്ടറി. തുടർന്ന് 1996-കളിൽ ബാംഗ്ലൂർ-ൽ നിന്ന് Canon Law-യിൽ മാസ്റ്റേഴ്സ് നേടുകയും വിവേകാനന്ദ കോളേജിൽ നിന്ന് LLB -യും കരസ്ഥമാക്കി.. 2000-ൽ ബാർ കൗസിൽ ഓഫ് കേരള-യിൽ അംഗമായി അഡ്വക്കേറ്റായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു..ഈ കാലഘട്ടത്തിൽ കടപ്ര, മാന്നാർ, നെടുമാവ് എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചു.
ഉപരിപഠനത്തിനായി ബഹുമാനപ്പെട്ട അച്ചൻ ഫ്രാൻസിലേക്ക് പോകുകയും പാരീസിലെ Catholic Institute Toulouse -ൽ നിന്ന് Canon Law-യിൽ ഡോക്ടറേറ്റ് അഭിമാനപുരസ്കാരം കരസ്ഥമാക്കി. തിരികെ വന്നതിനു ശേഷം മേജർ സെമിനാരിയിൽ റജിസ്ട്രാർ, പ്രൊഫെസ്സർ എന്നീ ചുമതലകൾ വഹിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ MA Philosophy -യിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ പാസ്സായി.
മാവേലിക്കര, മൂവാറ്റുപുഴ, തിരുവല്ല, പത്തനംതിട്ട രൂപതകളിൽ ജുഡീഷ്യൽ വികാർ ആയി സേവനം അനുഷ്ടിച്ചു.. ഈ സമയങ്ങളിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ-ൽ എം.ബി.എ പൂർത്തിയാക്കി.. നമ്മുടെ സഭയുടെ Ordinary Tribunal പ്രെസിഡന്റായി ഈ അടുത്തകാലത്ത് വരെ സേവനം അനുഷ്ടിച്ചു.
രാഷ്ട്രദീപിക ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ-ആയി കഴിഞ്ഞ നാല് വർഷത്തിലധികം അഭിമാനകാരവും സ്തുത്യർഹവുമായ സേവനം അനുഷ്ടിച്ചു.
പൗരോഹിത്യ ശുശ്രൂഷയിൽ 3 ദശാബ്ദങ്ങൾ പൂർത്തിയാക്കിയ പ്രിയപ്പെട്ട അച്ചന്റെ ജീവിതത്തിലെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. മേൽപ്പറഞ്ഞിട്ടുള്ളതിനെ പുറമെ വിവിധ ദേവാലയങ്ങളിൽ / മേഖലകളിൽ / ഇടങ്ങളിൽ / സ്തുത്യർഹമായ ശുശ്രൂഷ അർപ്പിച്ചിട്ടുള്ളത് വളരെ അഭിമാനകരമാണ്..2020 ഫെബ്രുവരി മുതൽ ബഹുമാനപ്പെട്ട അച്ചൻ ചങ്ങനാശ്ശേരിയിൽ ശുശ്രൂഷ ചെയ്യുമ്പോളാണ് യു എ ഇ-യിലെ ദൗത്യം നൽകപ്പെടുന്നത്.
ദൈവശാസ്ത്ര അധ്യാപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, പ്രശസ്തനായ പ്രാസംഗികൻ, അദ്ധ്യാത്മിക ഗുരു, മികവുറ്റ ഭരണകർത്താവ് അർപ്പണ മനോഭാവവും, കഠിനാധ്വാനിയും - ബഹുമുഖ വ്യക്തി പ്രഭാവത്തിൽ പ്രശോഭിക്കുന്ന റെജിയച്ചന്റെ അജപാലനത്തിൽ, മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിലെ ഏറ്റവും ഊർജ്ജസ്വലമായ, അർപ്പിത മനസ്കരുടെ സമൂഹങ്ങളിലൊന്നായ നമ്മുടെ സമൂഹം പുനരൈക്യത്തിന്റെ പ്രണേതാവായ ദൈവദാസൻ മാർ ഈവാനിയോസ് വലിയ തിരുമേനി തെളിയിച്ച പാതയിൽ സഞ്ചരിച്ചു ഈ മണലാരണ്യത്തിൽ സഹോദര റീത്തുകൾക്കിടയിലും /സഭകൾക്കിടയിലും സഭയുടെ തനിമയും പൂജനീയമായ പാരമ്പര്യവും വിശ്വാസ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച്, തുടർന്നും കെട്ടുറപ്പോടും ഒരു കുടക്കീഴിലും സഭാ മക്കളെ അണിനിരത്തി, ശതാബ്ദത്തിലേക്കു പ്രവേശിക്കുന്ന ഈ ദശാബ്ദത്തിൽ സഭാ മക്കളെ ഒരുക്കിയെടുത്ത് പ്രാപ്തരാക്കുവാനും, സഭാ ശുശ്രൂഷയിൽ പുതിയ വാതായനങ്ങൾ തുറക്കുവാനും മാനങ്ങൾ കണ്ടെത്തുവാനും, ഔന്ന്യത്തിന്റെ പടവുകൾ ചവിട്ടു കയറുവാനും സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..

ഇടയാനൊപ്പം - ഫാ മാത്യു കണ്ടത്തിലിന് യാത്രാമംഗളങ്ങൾ നേർന്നു
Feb 28th 2020
യു എ ഇ ലെ 11 വർഷക്കാലത്തെ ആത്മീയ ശുശ്രൂഷ പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന മലങ്കര കത്തോലിക്കാ സഭയുടെ ഗൾഫ് കോഡിനേറ്റർ ഉം യു എ ഇ പ്രീസ്റ്റ് ഇൻ ചാർജ് ഉം ആയ ഫാ മാത്യു കണ്ടത്തിലിന് ഷാർജ മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സഭയുടെ യു എ ഈ കേന്ദ്ര സമിതി പ്രസിഡന്റ് ബിജു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മലങ്കര കത്തോലിക്കാ സഭയുടെ തലവൻ അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. യു എ ഇ ലെ അസാധാരണമായ അജപാലന ശുശ്രൂഷയിലൂടെ പ്രവാസി മലയാളികൾക്ക് സ്വാന്തനത്തിന്റെ ഒരു സ്പർശം നൽകുവാൻ അച്ചന് സാധിച്ചിട്ടുണ്ട് എന്നും തൻ്റെ പ്രവർത്തനമേഖലകളിലെ ജനങ്ങളെ തൻ്റെ സഹോദരങ്ങളായി കണ്ടുകൊണ്ടു അജപാലന ശുശ്രൂഷ ചെയ്യുവാൻ അച്ചന് സാധിച്ചു എന്നും കർദ്ദിനാൾ പറഞ്ഞു…
സുൽത്താൻ ബത്തേരി രൂപതയുടെ അദ്ധ്യക്ഷനും കെ സി ബി സി ജനറൽ സെക്രട്ടറിയും ആയ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്, മലങ്കര യാക്കോബായ സഭയുടെ യു എ ഇ പാട്രിയാർക്കൽ വികാരി ബിഷപ്പ് ഡോ. ഐസക് മാർ ഒസ്താത്തിയോസ് , ഡൽഹി ഗുഡ്ഗാവ് രൂപതയുടെ ബിഷപ്പ് ഡോ ജേക്കബ് മാർ ബർണബാസ് , പുത്തൂർ രൂപതയുടെ ബിഷപ്പ് ഡോ ഗീവർഗ്ഗീസ് മാർ മക്കാറിയോസ് , ഫാ ഡോ ബിപിൻ ബെർണാഡ്, ഫാ ഡോ ജോളി കരിമ്പിൽ, ഫാ വർഗ്ഗീസ് ചെമ്പോലി , മലയാള സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ, മലയാള മനോരമാ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു, എം സ് സി സി സെൻട്രൽ സെക്രട്ടറി പ്രദീപ് വർക്കി, എം സ് സി സി ഷാർജ മുൻ പ്രസിഡന്റ് റിജി അലക്സ്, എം സ് സി സി ഷാർജ സെക്രട്ടറി ബി.വി തോമസ്, ട്രഷറാർ സോബി വർഗ്ഗീസ് , ആഷ്ലി ബിപിൻ എന്നിവർ ആശംസകളർപ്പിച്ചു....